About Us2013 ലാണ് മലയാളം വിഭാഗം കോളേജിൽ ആരംഭിച്ചത്. കോളേജിലെ മറ്റു കോഴ്സ്സുകൾ പഠിക്കുന്ന കുട്ടികൾക്ക് കോമൺ കോഴ്സ്സായി മലയാളം തെരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. കൂടാതെ 5 വർഷം ദൈർഘ്യമുള്ള ഇന്റഗ്രേറ്റഡ് എം.എ മലയാളം കോഴ്സ് 2021 ൽ ആരംഭിച്ചിട്ടുണ്ട്.
ഇന്റഗ്രേറ്റഡ് എം.എ മലയാളം. കോഴിക്കോട് സർവകലാശാലയുടെ കീഴിലുള്ള താനൂർ ഗവ: കോളേജിൽ 2021 ലാണ് അഞ്ച് വർഷം ദൈർഘ്യമുള്ള ഇന്റഗ്രേറ്റഡ് എം.എ മലയാളം കോഴ്സ് ആരംഭിക്കുന്നത്. സിലബസിലും പഠന രീതിയിലും ഏറെ വ്യത്യസ്തവും വൈവിധ്യവും പുലർത്തുന്ന കോഴ്സാണിത്. മലയാള ഭാഷയും സാഹിത്യവും മുഖ്യവിഷയമായി പഠിക്കാനാഗ്രഹിക്കുന്നവർക്ക് ഡിഗ്രിയും പി.ജിയും ഒരുമിച്ച് പഠിക്കാൻ കഴിയുന്ന തരത്തിൽ പത്ത് സെമസ്റ്ററുകളായിട്ടാണ് ഈ കോഴ്സ് രൂപകൽപ്പന
ചെയ്തിട്ടുള്ളത്. ഇന്റഗ്രേറ്റഡ് എം എ മലയാളം പഠനത്തിന്റെ പൊതു ഉദ്ദേശ്യങ്ങളും ഫലങ്ങളും
1. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും കാലം, ചരിത്രം, ദേശം, പ്രവണതകൾ, പ്രസ്ഥാനങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ അറിവു നേടുന്നു. കേട്ടും വായിച്ചും അനായാസം ആശയധാരണ നേടുന്നു. ഔപചാരികവും അനൗപചാരികവുമായ സന്ദർഭങ്ങളിൽ ഭാഷ ശക്തമായി ഉപയോഗിക്കുന്നു. ശക്തമായും ഫലപ്രദമായും സർഗാത്മകമായും ഭാഷയിൽ എഴുതി പ്രകടിപ്പിക്കാൻ കഴിയുന്ന തരത്തിൽ തനതായ ശൈലി വികസിപ്പിക്കുന്നു.
2. മലയാള സാഹിത്യത്തിലും ഭാഷയിലും ഉള്ള അറിവിനെ ബഹുവൈജ്ഞാനിക (Multi Disciplinary) മായും അന്തർവൈജ്ഞാനിക (Inter Disciplinary) മായും നോക്കിക്കാണുന്നതിനും സ്വായ മാക്കുന്നതിനും കഴിയുന്നു. വിവിധ പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട പഠിതാക്കൾക്ക് അവരുടെ ജ്ഞാനത്തെ മാതൃഭാഷയുമായി ബന്ധിപ്പിക്കുന്നതിനുള്ള ശേഷി നേടുന്നു. അങ്ങനെ സർഗാത്മകരചനകളിൽ ഏർപെടുന്നതിനും രചനകളിലെ സർഗാത്മകത തിരിച്ചറിയുന്നതിനും കഴിയുന്നു.
3. വിജ്ഞാനത്തിന്റെ സ്വാംശീകരണം, സംരക്ഷണം, വിതരണം, വിമർശനം, നവീകരണം എന്നിവ ഫലപ്രദമായി നിർവഹിക്കുന്നതിന് പഠിതാവിന് സാധ്യമാകുന്നു.
4. ഇന്ത്യൻ സാഹിത്യത്തെയും ലോകസാഹിത്യത്തെയും സാമാന്യമായി പരിചയപ്പെടുന്നു. സാഹിത്യസൃഷ്ടികളെ വിശകലനം ചെയ്യുന്നതിനും വിലയിരുത്തുന്നതിനും കഴിയുന്നു.
5. ഭാഷാപരവും സാഹിതീയവുമായ വ്യവഹാരങ്ങളെ വിമർശനാത്മകമായി വിലയിരുത്തുന്നതിന് പ്രാപ്തരാകുന്നു.
6. മലയാള ഭാഷ, സാഹിത്യം, സംസ്കാരം എന്നിവയെ വിശകലനം ചെയ്യുന്നതിന് ആവശ്യമായ സംസ്കാരിക പഠനത്തിന്റെ രീതിശാസ്ത്രവും സിദ്ധാന്തവും സാമാന്യമായി പരിചയപ്പെടുന്നു.
7. കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തെക്കുറിച്ചുള്ള ധാരണ നേടുന്നു. മലയാളഭാഷയ്ക്കും സാഹിത്യത്തിനും വിവിധ കാലങ്ങളിൽ സംഭവിച്ച പരിണാമങ്ങളെയും വളർച്ചയെയും സാംസ്കാരികമായ കാഴ്ചപ്പാടിലൂടെ ഉൾക്കൊള്ളുന്നു. കേരളത്തിന്റെ സാംസ്കാരികവ്യതിരിക്തതകളെ തിരിച്ചറിയുന്നതിനും അഭിലഷണീയമായ രീതിയിൽ അവയെ പുനർനിർമ്മിക്കുന്നതിനുമുള്ള ശേഷി കൈവരിക്കുന്നു.
8. വിവിധ സൗന്ദര്യശാസ്ത്രസമീപനങ്ങളെ പരിചയപ്പെടുകയും പാശ്ചാത്യ പൗരസ്ത്യ സാഹിത്യദർശനങ്ങളെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുന്നു
9. കേരളീയ കലാരൂപങ്ങളെ പഠിക്കുകയും അവയുടെ സാംസ്കാരിക പ്രാധാന്യത്തെ തിരിച്ചറിയുകയും ചെയ്യുന്നു.
10. മലയാളഭാഷയുടെ വ്യാകരണനിയമങ്ങൾ മനസ്സിലാക്കുകയും ഭാഷാപ്രയോഗങ്ങളിൽ അവ പാലിക്കുന്നതിന് കഴിവു നേടുകയും ചെയ്യുന്നു.
11. ആധുനിക ഭാഷാശാസ്ത്രത്തിന്റെ സാമാന്യസങ്കല്പങ്ങളെ സംബന്ധിച്ച് ധാരണ നേടുന്നു.
12. മലയാളസാഹിത്യവിമർശനത്തിന്റെ ചരിത്രവും വേറിട്ടവഴികളും വിമർശനാത്മകമായി വിലയിരുത്തുന്നു.
13. ഗദ്യസാഹിത്യത്തിന്റെ വഴികളും രൂപവൈവിധ്യങ്ങളും സംബന്ധിച്ച് ധാരണ നേടുന്നു. ഉചിതമായ രീതിയിൽ ഗദ്യരചനകൾ നടത്തുന്നു.
14 ദൃശ്യ, ശ്രാവ്യ, അച്ചടി – മാധ്യമങ്ങളിലൂടെയുള്ള ഭാഷാവ്യവഹാരങ്ങളിൽ ധാരണ നേടുകയും അവയിൽ സർഗാത്മകമായ ആവിഷ്കാരങ്ങൾ നടത്തുകയും ചെയ്യുന്നു.
15. കേരളീയ കലകളുടെ രൂപപ്പെടൽ, വികാസം, എന്നിവയുടെ ചരിത്രം പ്രത്യയശാസ്ത്ര പരിസരങ്ങളെക്കുറിച്ച് ധാരണ വികസിക്കുന്നു.
16. സ്ത്രീയവസ്ഥകൾ, സ്ത്രീമുന്നേറ്റങ്ങൾ, ചരിത്രഘട്ടങ്ങൾ, സൈദ്ധാന്തിക പരിസരം, ലിംഗപദവി, ലൈംഗികാഭിമുഖ്യം, ലൈംഗിക ന്യൂനപക്ഷങ്ങൾ എന്നിവ സംബന്ധിച്ച് ധാരണനേടുന്നു.
17. ദളിത് ഭാഷാസാഹിത്യ പാരമ്പര്യത്തിന്റെ സാംസ്കാരിക പ്രാധാന്യം
ഉൾക്കൊള്ളുന്നു.
18. വിവർത്തനത്തിന്റെ സാദ്ധ്യത. പ്രസക്തി, സർഗാത്മകത, സിദ്ധാന്തം എന്നിവയെ സംബന്ധിച്ച ധാരണ നേടുന്നു. ഇതര ഭാഷകളിൽ നിന്ന് മലയാളത്തിലേക്കും മലയാളത്തിൽനിന്ന് ഇതര ഭാഷകളിലേക്കും വിവർത്തനം ചെയ്യുന്നതിനുള്ള പ്രാപ്തി നേടുന്നു
19. ഭാഷാസാങ്കേതികതയിൽ പരിജ്ഞാനം നേടുന്നു. കമ്പ്യൂട്ടിംഗ്, വെബ് ഡിസൈനിംഗ്, പത്രം, ബ്ലോഗ് എന്നിവ മാതൃഭാഷയിൽ ആവിഷ്കരിക്കാനുള്ള കഴിവ് നേടുന്നതിനും അങ്ങനെ ഭാഷാപോഷണത്തിൽ ഏർപ്പെടുന്നതിനും സാധ്യമാകുന്നു.
20. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സൈദ്ധാന്തികവും പ്രായോഗികവുമായ ഭാഷാനൈപുണികൾ വികസിപ്പിക്കുന്നു.
21. ഗവേഷണാഭിരുചി വികസിക്കുകയും ഭാഷ സംസ്കാരം സാഹിത്യം എന്നീ വിഷയമേഖലകളിൽ ശാസ്ത്രീയമായ ഗവേഷണം നടത്താനുള്ള പ്രാഥമിക പരിശീലവും രീതിശാസ്ത്ര പരിജ്ഞാനവും പ്രായോഗിക പരിചയവും നേടുന്നു.
|
|